2026 ഓഗസ്റ്റ് 9
ഫ്രഷ് കട്ട് വേണ്ട/ണം
ഫ്രഷ് കട്ട് അടച്ചുപൂട്ടാൻ ആഗസ്ത് 5 ന് മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കിയ ഉത്തരവ് ഫേസ്‌ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത് ബഹു കൊടുവള്ളി MLA PK ഫിറോസാണ്. അന്ന് തന്നെ 6.37 ന് ഹൈക്കോടതിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഫ്രഷ് കട്ടിൻ്റെ അപേക്ഷ എത്തി. ആറാം തീയതിയാണ് ഔദ്യോഗികമായി നോട്ടീസ് നൽകിയത് . അഞ്ചാം തീയതി ഇറങ്ങി ആറാം തീയതി ഫ്രഷ് കട്ടിന് നൽകിയ ഉത്തരവിനെതിരെ അഞ്ചാം തീയതി വൈകുന്നേരം 6.37 ന് കമ്പനി ഹൈക്കോടതിയിൽ സ്റ്റേ അപേക്ഷ നൽകിയത് എങ്ങനെയാണ്?. 6.37 ന് അപേക്ഷ upload ചെയ്യണമെങ്കിൽ കമ്പനിക്ക് അത് ഉച്ചക്ക് മുൻപ് കിട്ടിയിരിക്കണം. ഇവിടെ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഉത്തരവിന്റെ കോപ്പി ആര് ആർക്ക് നൽകി എന്ന് അറിയാൻ താല്പര്യമുണ്ട്. എന്നാൽ വ്യക്തമായ കണ്ടെത്തലുകളോ തെളിവുകളോ നിരത്താതെ ഇറക്കിയ ഉത്തരവ് നിലനിൽക്കാത്തതാണെന്നും കമ്പനിയെ സഹായിക്കാൻ ആണെന്നും ഞാൻ പറഞ്ഞത് പലർക്കും പ്രകോപനമായി തോന്നി. അഭിഭാഷകനായ ബഹുമാനപ്പെട്ട എംഎൽഎക്കും ഉത്തരവ് വായിച്ചപ്പോൾ അത് ബോധ്യപ്പെട്ടിരിക്കണം. ആത്മാർത്ഥതയോടെയാണ് ഇടപെടൽ എങ്കിൽ ജനങ്ങൾ അറിയുന്നതിന് മുമ്പ് തന്റെ കൈയിൽ കിട്ടിയ ഉത്തരവ് തിരുത്തണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പകരം അദ്ദേഹവും ഫ്രഷ്കട്ടും മാത്രം അറിഞ്ഞ ഉത്തരവ് അതേപടി പുറത്തിറക്കി. ഞാനടക്കമുള്ളവർ പ്രവചിച്ചത് പോലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തെളിവുകളും കണ്ടെത്തലുകളും ഇല്ലാത്ത ഉത്തരവ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. സാധാരണ ഇത്തരം ഉത്തരവുകൾ ഹൈക്കോടതി റദ്ദ് ചെയ്യുകയാണ് ചെയ്യുക. എന്നാൽ ഇക്കാര്യത്തിൽ ഒത്തുകളി കണ്ടെത്തിയ ഹൈക്കോടതി മാതൃകാപരമായ നടപടി സ്വീകരിച്ചു. ജില്ലാ കലക്ടറുടെ പ്രതിനിധിയോടും മലിനീകരണം നിയന്ത്രണ ബോർഡിൻറെ എൻജിനീയറോടും സ്ഥല പരിശോധന നടത്തി പതിമൂന്നാം തീയതി റിപോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒത്തു കളിക്കാർ വെട്ടിലായി.
വിധിയിൽ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് അനുകൂലമായി നൽകിയ റിപ്പോർട്ടാണ് കോടതി എടുത്ത് പറഞ്ഞ ഒരു കാര്യം. ആദ്യം കട്ടിപ്പാറ സെക്രട്ടറി നൗഷാദലി പിണറായി വിജയൻറെ കാലത്ത് നിയമിച്ച ആളാണെന്നും ഇടതുപക്ഷക്കാരനാണെന്നും പറഞ്ഞു നോക്കി. എന്നാൽ ഇദ്ദേഹം യു ഡി എഫുകാരൻ ആണ് തെളിയുകയും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് നേതാക്കൾക്കൊപ്പം മധുര വിതരണം ചെയ്യുന്ന ഫോട്ടോ പുറത്തു വരികയും ചെയ്തതോടെ ആ അടവും പൊളിഞ്ഞു. സെക്രട്ടറി പണം വാങ്ങിയാണ് ഇത്തരത്തിൽ ഉത്തരവ് നൽകിയത് എന്ന് എംഎൽഎ പരസ്യമായി മുദ്രാവാക്യം വിളിച്ചു. ജഗതി പറഞ്ഞതുപോലെ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് ഈ സെക്രട്ടറി ഏത് വകുപ്പിലെ ഉദ്യോഗസ്ഥനാണ് ?. എംഎൽഎയുടെ പാർട്ടിയായ മുസ്ലിം ലീഗ് മന്ത്രി കെഎം ഷാജിയുടെ വകുപ്പാണ്. കമ്പനിയിൽ നിന്നുള്ള ദുർഗന്ധം വിളിപ്പാടകലെയുള്ള കെഎം ഷാജിയുടെ ഭാര്യാ വീട്ടിലും എത്തുന്നുണ്ടാവണം. നിയമവിരുദ്ധമായ റിപ്പോർട്ട് നൽകിയ പഞ്ചായത്ത് സെക്രട്ടറിയെ ഈ നിമിഷം വരെ സസ്പെൻഡ് ചെയ്യാത്തത് നിഗൂഢമാണ്. മുസ്ലിംലീഗിന്റെ എംഎൽഎ, പണം വാങ്ങി റിപോർട്ട് നൽകിയെന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത പഞ്ചായത്ത് സെക്രട്ടറി ഒരു വിശദീകരണ നോട്ടീസ് പോലും ലഭിക്കാതെ ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നു. അപ്പോൾ ഗൂഢാലോചന വ്യക്തമാണ് . അയാൾക്കെതിരെ നടപടിയെടുത്താൽ ഒരുപക്ഷേ അദ്ദേഹം പലതും വിളിച്ചു പറയുമായിരിക്കും.
കമ്പനിക്ക് മുന്നിൽ സമരം നടത്തുകയും ഭീഷണി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് ഹൈക്കോടതിയിലെ കേസിനെ പ്രതികൂലമായി ബാധിക്കും എന്ന് ഏത് കോടതിയുടെ വരാന്തയിൽ പോയവനും അറിയാം. തട്ടിപ്പ് പുറത്തായതിൻ്റെ ജാള്യത മറക്കാൻ ആളുകളെ വിളിച്ചുകൂട്ടി സമരം ചെയ്തതുകൊണ്ടായില്ല. പതിമൂന്നാം തീയതി വരെ മഴയത്ത് ഇരിക്കാനും വയ്യ. പതിമൂന്നാം തീയതി കേരള ഹൈക്കോടതിയിൽ കലക്ടറുടെ പ്രതിനിധിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻജിനീയറും നൽകുന്ന റിപ്പോർട്ട് ലോകം മുഴുവൻ ശ്രദ്ധിക്കും. ഹൈക്കോടതിയുടെ ഇപ്പോഴത്തെ നിലപാട് വെച്ച് അന്ന് കമ്പനി അടച്ചിടാൻ നിർദേശം കൊടുക്കും. അത് ഹൈക്കോടതിക്ക് മാത്രം അർഹതപ്പെട്ട ക്രെഡിറ്റ് ആണ്. അങ്ങനെ വരുമ്പോൾ കമ്പനി പൂട്ടേണ്ടി വരും. യുഡിഎഫ് നേതാക്കൾ വ്യക്തമായി ഷെയറും പങ്കാളിത്തവും ഉള്ള കമ്പനി അടച്ചുപൂട്ടുന്നത് അവരുടെ വരുമാനം നഷ്ടപ്പെടുത്തും. ഒരുമാസം നാല് കോടിയിൽ പരം രൂപയാണ് കമ്പനിയുടെ വരുമാനം. ഞാൻ പേരെടുത്ത് പറയുന്നില്ലെങ്കിലും കമ്പനിക്കെതിരെ ഈ സമരത്തിൽ മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന പലർക്കും പലതരത്തിലും ഷെയറുകളുണ്ട്. കമ്പനിയെ രക്ഷിക്കേണ്ടത് അവരുടെ താൽപര്യവുമാണ്. പതിമൂന്നാം തീയതി കമ്പനി അടച്ചു പൂട്ടാൻ ഹൈക്കോടതി നിർദ്ദേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിൽ അവരെ രക്ഷപ്പെടുത്താൻ കമ്പനി മാറ്റി സ്ഥാപിക്കും എന്ന് ഒരു വാദം ഉന്നയിച്ചു ഇനിയും കമ്പനിയുടെ പ്രവർത്തനം തുടരാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. അത്തരം തരികിടകൾ ഒഴിവാക്കി ശാശ്വതമായി കമ്പനി പ്രദേശത്തു നിന്ന് മാറ്റുകയാണ് വേണ്ടത്. മലിനീകരണം വ്യക്തമായി സൂചിപ്പിച്ച ജില്ലാ കലക്ടറുടെ പ്രതിനിധിയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻജിനീയറും റിപ്പോർട്ട് നൽകട്ടെ . ഹൈക്കോടതി വ്യക്തമായി തീരുമാനമെടുക്കട്ടെ. ശക്തമായി മുന്നോട്ടുപോകുന്ന കോടതിയുടെ തീരുമാനം അട്ടിമറിക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ഈ പോസ്റ്റ് ന് ചുവട്ടിൽ തെറിയഭിഷേകം നടത്താൻ പോകുന്ന ആളുകൾക്ക് കാലക്രമേണ അത് ബോധ്യപ്പെടും. തിരിച്ചു പറയാൻ നിർബന്ധിതരാവും. തരികിട പരിപാടി ജനങ്ങളെ പറ്റിക്കാൻ എല്ലാകാലത്തും നടക്കില്ല. അല്പം ആത്മാഭിമാനമുണ്ടെങ്കിൽ യുഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ എങ്കിലും തയ്യാറാവണം.