2026 ഓഗസ്റ്റ് 8
ഫ്രഷ് കട്ട്: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവും ഹൈക്കോടതി വിധിയും
ഫ്രഷ് കട്ട്: മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവും ഹൈക്കോടതി വിധിയും
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന കട്ട് കോഴി അറവ് മാലിന്യ സംസ്കരണ കേന്ദ്രം നിരന്തരമായി പ്രദേശത്ത് മലിനീകരണമുണ്ടാക്കുകയും സമീപവാസികൾക്ക് രൂക്ഷമായ ദുർഗന്ധവും ശുദ്ധജലം മലിനീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഇരുതുള്ളിപ്പുഴയുടെ തീരത്ത് ഒരു മതിലുകൊണ്ടും പോലും വേർതിരിച്ചിട്ടില്ലാത്ത സ്ഥലത്താണ് ഈ ഫാക്ടറി പ്രവർത്തിക്കുന്നത്. കമ്പനിയിൽനിന്ന് നിരന്തരമായി മാലിന്യ അവശിഷ്ടങ്ങൾ സമീപത്തെ പുഴയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ ദുർഗന്ധവും ശുദ്ധജലം ഒഴുകിയിരുന്ന ഇരുതുള്ളി പുഴയുടെ മലിനീകരണവും സമീപവാസികളുടെ ജീവിക്കാനുള്ള അവകാശത്തിന് വെല്ലുവിളിയാണ്.
30 ടൺ കോഴിയറവ് മാലിന്യം മാത്രം സംസ്കരിക്കാൻ ശേഷിയുള്ള കമ്പനിയിൽ ദിനംപ്രതി 100 ടണ്ണിൽ അധികം മാലിന്യമാണ് എത്തിച്ചേരുന്നത്. മലപ്പുറം ജില്ലയിൽ 15 അറവ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമ്പോൾ കോഴിക്കോട് ജില്ലയിൽ ആകമാനം ഒരു കമ്പനി മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിൽ അറവ് മാലിന്യ സംസ്കരണ ഫാക്ടറികൾക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകൻ്റെ വിവരങ്ങൾ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്ന് ഫ്രഷ് കട്ട് കമ്പനിക്ക് ചോർത്തിക്കൊടുക്കുന്നുവെന്നും അവർ ഓരോ പ്രദേശത്തെയും ജനങ്ങളെ ഇളക്കി വിട്ട്
പദ്ധതികൾ മുടക്കുകയാണെന്നും ആരോപണമുണ്ട്. അതുവഴി ജില്ലയിലെ ഏക അറവു മാലിന്യ സംസ്കരണ ഫാക്ടറിയായി ഫ്രഷ് കട്ട് തുടരുന്നു.
ഫ്രഷ്കട്ട് ഓരോ കടയിൽ നിന്നുംകോഴി മാലിന്യം ശേഖരിക്കുമ്പോൾ കടക്കാരൻ കിലോഗ്രാമിന് 5 രൂപയാണ് ഫ്രഷ് കട്ടിന് നൽകുന്നത്. അത് വഴി മാലിന്യ സംസ്കരണത്തിലൂടെ മാത്രം കമ്പനിക്ക് 100 ടണ്ണിന് പ്രതിദിനം 5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നു. കോഴിമാലിന്യം പൗഡറാക്കി മാറ്റി വില്പന നടത്തുകയാണ് ചെയ്യുന്നത്. ഒരു ടൺ കോഴി മാലിന്യത്തിൽ നിന്ന് 40 കിലോഗ്രാം പൗഡർ ലഭിക്കുന്നു. അതായത് 100 ടൺ കോഴി മാലിന്യത്തിൽ നിന്ന് ഫ്രഷ് കട്ട് കമ്പനിക്ക് പ്രതിദിനം 40 ടൺ പൗഡർ ലഭിക്കുന്നു. പൗഡറിന് ഇപ്പോഴത്തെ മാർക്കറ്റ് വില 49 രൂപയാണെങ്കിലും സാധാരണ ലഭിക്കുന്ന വില 25 രൂപയാണ്. 40 ടൺ പൌഡറിന് 25 രൂപ ലഭിക്കുമ്പോൾ കമ്പനിക്ക് പ്രതിദിനം പത്ത് ലക്ഷത്തിൽ പരം രൂപ വരുമാനം ലഭിക്കുന്നു. അങ്ങനെ പ്രതിമാസം നാലര കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിക്കുന്നത്. ഓണം വിഷു, ഈസ്റ്റർ , പെരുന്നാൾ, റംസാൻ, ക്രിസ്ത്മസ് സമയത്ത് വരുമാനം കുത്തനെ ഉയരും. ലോറികളുടെയും മറ്റും വാടകയും ചെലവുകളും തൊഴിലാളികളുടെ ശമ്പളവും വൈദ്യുതി ചെലവും മറ്റു ചിലവുകളും ഈ വരുമാനത്തിൽ നിന്ന് കണ്ടെത്തിയാൽ തന്നെ ഭീമമായ ലാഭമാണ് കമ്പനിക്ക് ലഭിക്കുന്നത്. ഈ ലാഭത്തിന്റെ വിഹിതം പലപ്പോഴും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കൈപറ്റുകയും കമ്പനിയുടെ വാലാട്ടികളായി മാറുകയും ചെയ്യുന്നു. ജില്ലയിൽ മറ്റ് അറവു മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഇല്ലാത്തത് പലപ്പോഴും സർക്കാരുകളെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മലിനീകരണത്തിനെതിരെ കണ്ണടയ്ക്കാൻ പ്രേരിപ്പിക്കുന്നു. മറ്റ് ഫാക്ടറികൾക്ക് അനുമതി ലഭിക്കുന്നത് മുടക്കാൻ ഫ്രഷ് കട്ട് കമ്പനിയും തങ്ങളാൽ ആവുന്നത് ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാത്തിൻ്റെയും ഇരകളാവുന്നത് സമീപത്തെ സാധാരണ ജനങ്ങളാണ് . ജില്ലയിലെ മുഴുവൻ മാലിന്യങ്ങളുടെയും ദുർഗന്ധം പേറാൻ ഈ പ്രദേശത്തെ സാധാരണ ജനങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസം ഒരു നേരം മാത്രമാണ് മാലിന്യം ശേഖരിക്കുന്നത്. 24 മണിക്കൂർ കഴിഞ്ഞാണ് മിക്കപ്പോഴും ഇത്തരം പ്രദേശങ്ങളിൽ മാലിന്യ ശേഖരണം നടക്കുന്നത്. അപ്പോഴേക്കും മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയിരിക്കും. ഇത് പ്രദേശത്തെ ദുർഗന്ധം വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു . വാഹനങ്ങൾ പോകുന്ന വഴികളിലും ഇതുതന്നെ അവസ്ഥ. ജനങ്ങൾ മൂക്കു പൊത്തി നടക്കേണ്ട അവസ്ഥ.
ജനങ്ങളുടെ കഷ്ടപ്പാടുകൾ രാഷ്ട്രീയമായി ചൂഷണം ചെയ്യുക എന്നുള്ള നിലക്കാണ് നാട്ടിലെ സാധാരണക്കാർ ആത്മാർത്ഥമായി ചെയ്തുകൊണ്ടിരുന്ന സമരത്തിലേക്ക് രാഷ്ട്രീയപാർട്ടികൾ ഇടപെട്ടത്. പിന്നീട് എന്ത് സംഭവിച്ചാലും തൽക്കാലം വോട്ട് പോരട്ടെ എന്ന നിലപാടിൽ
തങ്ങൾ അധികാരത്തിൽ വന്നാൽ, തങ്ങളുടെ സ്ഥാനാർഥി ജയിച്ചാൽ ഒരാഴ്ച കൊണ്ട് , ദിവസങ്ങളെ കൊണ്ട് ഫ്രഷ് കട്ട് കമ്പനി അടച്ചുപൂട്ടിക്കും എന്ന് വാഗ്‌ദാനംചെയ്തു സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ വോട്ടുകൾ കരസ്ഥമാക്കി. അപ്പോഴും കമ്പനിയുടെ ഡയറക്ടർമാരായും ഷെയർഹോൾഡർമാരായും യുഡിഎഫ് ഉന്നത നേതാക്കളുടെ ബന്ധുക്കൾ ഉണ്ടായിരുന്നു. സമരത്തിനിടയിൽ തന്നെ കമ്പനിയിൽ ഷെയർ ഉള്ളവർ ഉണ്ടായിരുന്നു. ചിലർ സമരപക്ഷത്തും ഒരുപോലെ നിലയുറപ്പിച്ചു. ഇതൊന്നും അറിയാതെ സാധാരണക്കാർ അവരെയൊക്കെ അന്ധമായി വിശ്വസിച്ചു
തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മലിനീകരണ നിയന്ത്രണ ബോർഡിനെ കൊണ്ട് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിച്ചത്. ഈ ഉത്തവ് അബദ്ധങ്ങളുടെ ഒരു പ്രകടനം തന്നെയായിരുന്നു. കമ്പനി കാട്ടിക്കൂട്ടിയ നിയമലംഘനങ്ങൾ ഒന്നുപോലും രേഖപ്പെടുത്താതെ, ഒരുതരത്തിലുള്ള തെളിവുകളും ഉന്നയിക്കാതെ ജനങ്ങളിൽ നിന്ന് പരാതി ലഭിക്കുന്നുവെന്നും നിയമലംഘനം നടക്കുന്നതായി അറിയുന്നു എന്നൊക്കെ പറഞ്ഞ് ഇറക്കിയ ഉത്തരവിന് 24 മണിക്കൂറിന്റെ ആയുസ്സ് പോലും ഉണ്ടായില്ല. ഇത് കമ്പനിക്ക് സ്റ്റേ ലഭിക്കാൻ പാകത്തിൽ കമ്പനിയും സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും ഗൂഢാലോചന നടത്തി ഇറക്കിയ ഉത്തരവാണ്.
ഈ ഉത്തരവ് ആദ്യമായി പുറത്തുവിടുന്നത് സ്ഥലം എംഎൽഎ ആയ ശ്രീ പി കെ ഫിറോസ്തൻറെ ഫേസ്ബുക് പേജിലൂടെയാണ്. ആഗസ്റ്റ് 5 ന് ഇറങ്ങിയ ഉത്തരവ് വൈകുന്നേരം 5 48ന് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. അന്ന് തന്നെ 6 37 ന് കേരള ഹൈക്കോടതിയിൽ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രഷ് കട്ട് കമ്പനിയുടെ ഹരജിയും എത്തി. ഇതൊക്കെ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് എതിർകക്ഷിക്ക് നൽകുന്നതിന് മുമ്പേ ആയിരുന്നു. 6 37ന് ഹരജി ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ഫ്രഷ് കട്ടിന് ഉത്തരവിന്റെ കോപ്പി ഉച്ചയ്ക്ക് മുന്നേ കിട്ടിയിരിക്കണം. ഇതിൻ്റെ ഉറവിടവും ഗൂഡാലോചനയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തക്ക് പരാതി നൽകും.
പരാതി പരിഗണിച്ച കേരള ഹൈക്കോടതി ഒരുതരത്തിലുള്ള തെളിവുകളോ പരിശോധനാ റിപ്പോർട്ടുകളോ ഇല്ലാതെയാണ് കമ്പനി അടച്ചു പൂട്ടാൻ ഏകപക്ഷീയമായി ഉത്തരവിട്ടതെന്നും അതുകൊണ്ട് സ്റ്റേ ചെയ്യുകയാണെന്നും വിധി പ്രഖ്യാപിച്ചു. ഹൈക്കോടതിയിൽ അടിയന്തരമായി കേസ് പരിഗണിച്ചപ്പോൾ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും സർക്കാരിന്റെയും അഭിഭാഷകർ കൂടുതൽ സമയം പോലും ചോദിക്കാതെ കേസിന് ഹാജരായത് കമ്പനിക്ക് വേഗം സ്റ്റേ ലഭിക്കാൻ സഹായകമായി.
ഫ്രഷ് കട്ട് മാലിന്യസംസ്കര കമ്പനിയും സർക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാണ് ഹൈക്കോടതി ശക്തമായി ഈ കേസിൽ ഇടപെട്ടത്. സാധാരണ നിലക്ക് ഇത്തരം ഒരു വാറോല ഉത്തരവ് ഹൈക്കോടതിയുടെ സമയം നഷ്ടപ്പെടുത്താതെ സ്റ്റേ ചെയ്യുന്നതിന് പകരം തള്ളുകയായിരുന്നു ചെയ്യുക. എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രയാസം മനസ്സിലായത് കൊണ്ട് സ്റ്റേ കൊടുത്തതോടൊപ്പം മലിനീകരണ നിയന്ത്രണ ബോർഡ് ചെയ്യാത്ത കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കാനും തയ്യാറായി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒരു എഞ്ചിനീയറും ജില്ലാ കലക്ടറുടെ ഒരു പ്രതിനിധിയും സംഭവസ്ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡിൻറെ
ഉത്തരവ് തള്ളാൻകോടതി പ്രധാനമായും ആശ്രയിച്ചത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടാണ്. ഈ റിപ്പോർട്ട് പ്രകാരം കമ്പനിയിൽ നിന്ന് ഒരുതരത്തിലുള്ള മാലിന്യങ്ങളും ഇരുതുള്ളി പുഴയിലേക്ക് ഒഴുകുന്നില്ലെന്നും അത്തരം സംഭവങ്ങൾ തനിക്ക് കാണാൻ സാധിച്ചിരുന്നില്ലെന്നും പറയുന്നു. അപ്പോൾ പിന്നെ പിടിച്ചുനിൽക്കാൻ സെക്രട്ടറി പിണറായി വിജയൻറെ കാലത്ത് നിയമിച്ച ഇടതുപക്ഷക്കാരൻ ആണെന്ന് പ്രചരിപ്പിക്കാൻ തുടങ്ങി. കോൺഗ്രസ് സംഘടനാ നേതാവായ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ
താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിൻ്റെ പേരിൽ മേപ്പാടിയിൽ നിന്ന് സ്ഥലംമാറ്റിയ വ്യക്തിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 3 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും യുഡിഎഫ് വിജയിച്ചപ്പോൾ
ഇതര യുഡിഎഫ് നേതാക്കളോടൊപ്പം ലഡു വിതരണം ചെയ്തു ആഘോഷം നടത്തുന്ന സെക്രട്ടറിയുടെ ഫോട്ടോ പുറത്തുവന്നതോടെ ആ ആരോപണത്തിന്റെയും മുനയൊടിഞ്ഞിരിക്കുന്നു. ഇനി ആകെ പ്രതീക്ഷ ഉള്ളത് കേരള ഹൈക്കോടതിയിലാണ്. ഈ കേസിന്റെ ഗൗരവവും ജനങ്ങളുടെ പ്രയാസങ്ങളും ഉൾക്കൊണ്ട് കേരള ഹൈക്കോടതി കേസ് അടിയന്തരമായി ആഗസ്ത് 13 ന് ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും ഫ്രഷ് കട്ട് കമ്പനിയും നടത്തിയ ഒളിച്ചുകളിയും കപട നാടകങ്ങളും
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പൊളിച്ചെറിഞ്ഞിരുന്നു.
കേരള ഹൈക്കോടതി ഗൗരവമായി പരിഗണിക്കുകയും കലക്ടറുടെ പ്രതിനിധിയോടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻജിനീയറോടും സ്ഥല പരിശോധന നടത്തി സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം കമ്പനിയുടെ മുമ്പിൽ മുഖം രക്ഷിക്കാനായി യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ നടത്തുന്ന ഉപരോധസമരം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇത്തരം വീഡിയോകളും ഫോട്ടോകളും ഹൈക്കോടതിയിൽ കമ്പനി സമർപ്പിക്കാൻ ഇടവരുകയും സമരത്തിൽ എംഎൽഎമാർ വിളിച്ചുകൊടുത്ത മുദ്രാവാക്യത്തിൽ "കട്ടിപ്പാറ സെക്രട്ടറി, നിനക്കുള്ള സമ്മാനം, ഞങ്ങൾ ഉടനെ എത്തിക്കും ' എന്നാണ് പറയുന്നത്. ഇത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻജിനീയറും ജില്ലാ കലക്ടറുടെ പ്രതിനിധിയും ഏതുതരം റിപ്പോർട്ട് കൊടുത്താലും എംഎൽഎമാരുടെ ഭീഷണിക്ക് വഴങ്ങി തയ്യാറാക്കിയ റിപ്പോർട്ടാണെന്ന് കോടതിയിൽ വാദിക്കാൻ ഫ്രഷ് കട്ട് കമ്പനിക്ക് സഹായം ചെയ്യാൻ അല്ലാതെ ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല. ഈ വിഷയത്തിൽ സത്യം വിളിച്ചു പറഞ്ഞവർക്ക് നേരെ ആദ്യഘട്ടത്തിൽ മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും സൈബർ ഗുണ്ടകൾ സൈബർ ആക്രമണം നടത്തിയെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ട മിക്കവാറും ആളുകൾ പിന്മാറിയ മട്ടാണ്. ഇപ്പോൾ ആഗസ്റ്റ് 13 ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി എന്ത് വിധിയാണ് പുറത്തിരിക്കുക എന്ന് അറിയാൻ കാത്തിരിപ്പിലാണ് ജനങ്ങൾ